ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം കോലത്തിരി (ചിറക്കല്‍) രാജവംശത്തിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന ഗ്രാമങ്ങളിലൊന്നാണ് കുറുമാത്തൂര്‍. ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് (1792) ചിറക്കല്‍ രാജവംശത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളുടെ മേല്‍ക്കോയ്മ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു കൈവന്നു. അവര്‍ നടപ്പിലാക്കിയ നികുതി വ്യവസ്ഥയുടെ ഫലമായി നാടുവാഴികള്‍ ഭൂവുടമകളും ഭൂമിയുടെ കുത്തകാവകാശികളുമായി. ജന്മിമാരുടെ ചൂഷണത്തിനു വിധേയരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ജന്മിത്തത്തിനെതിരായി സംഘടിക്കുകയും പോരാടുകയും ചെയ്യേണ്ട നിലവന്നു. എ.കെ.ജി, കേരളീയന്‍, ഭാരതീയന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ കര്‍ഷകപ്രസ്ഥാനം ശക്തിപ്രാപിക്കുകയും ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായി സമരങ്ങള്‍ നടക്കുകയും ചെയ്തു. 1936-38 കാലത്ത് വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ നമ്പൂതിരിപ്പാട് എന്ന ജന്മിയുടെ ഇല്ലത്തേക്ക് നടത്തിയ കര്‍ഷകമാര്‍ച്ചില്‍ മുയ്യം, കുറുമാത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ഷകര്‍ പങ്കെടുക്കുകയുണ്ടായി. വാശി, നുരി, മുക്കാല്‍, വെച്ചുകാണല്‍ തുടങ്ങിയ, ജന്മിമാരുടെ അക്രമപിരിവുകള്‍ക്കും, കള്ളക്കേസുകള്‍ക്കും, ഒഴിപ്പിക്കലിനുമെതിരായി ജനങ്ങള്‍ സംഘടിച്ചു പോരാടി. അയിത്തത്തിനും മറ്റനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടവും അതോടൊപ്പം മുന്നേറി. ഈ സമരങ്ങളിലൊന്നും കുറുമാത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകരും തൊഴിലാളികളും പിന്നിലായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകത്തില്‍ ഹിന്ദുക്കളും മുസ്ളീങ്ങളും മാത്രമേ കുറുമാത്തൂരില്‍ ഉണ്ടായിരുന്നുള്ളൂ. പൂണ്ണമായ മതസൌഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ഇവരില്‍ ഭൂരിഭാഗം ആളുകളും കൃഷിക്കാരോ കര്‍ഷകത്തൊഴിലാളികളോ ആയിരുന്നു. നെല്ല്, തേങ്ങ, അടക്ക, നേന്ത്രക്കായ, എള്ള്, മുതിര, ചക്ക, മാങ്ങ, പച്ചക്കറികള്‍, പുനംകൃഷിവിഭവങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. 1905-ല്‍ സ്ഥാപിതമായ കരിമ്പം കാര്‍ഷിക ഗവേഷണ കേന്ദ്രം ഇന്നു ജില്ലാ കൃഷിതോട്ടമാണ്. ഫാമിന്റെ ആകെ വിസ്തീര്‍ണ്ണം 56.35 ഹെക്റ്റര്‍ ആണ്. മാവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, മറ്റു ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ഒട്ടുമാവ്, കശുമാവ്, പ്ളാവ്, കുരുമുളക് തുടങ്ങിയ വിളകള്‍ വിപുലമായ പ്രദര്‍ശന തോട്ടമായും സംരക്ഷിച്ചു വരുന്നു. ഇവിടെനിന്നു ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കിവരുന്നുമുണ്ട്. 1952-53-ല്‍ സ്ഥാപിതമായ പന്നിയൂര്‍ കുരുമുളകു ഗവേഷണ കേന്ദ്രം, കുരുമുളകു ഗവേഷണത്തിനു മാത്രമായി ലോകത്തിലാദ്യത്തേതാണ്. ഈ കേന്ദ്രം ഉല്‍പാദിപ്പിച്ച അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം പന്നിയൂര്‍-1 കുരുമുളക് കൊടി പ്രസിദ്ധമാണ്. 1972-മുതല്‍ ഈ സ്ഥാപനം കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ നേട്ടങ്ങള്‍ പന്നിയൂര്‍ ഗ്രാമത്തിന്റെ പേരുപോലും പ്രശസ്തമാക്കിയിട്ടുണ്ട്. 1967-ല്‍ പഞ്ചായത്തിന്റെ തൊട്ടയല്‍പക്കത്ത് സ്ഥാപിതമായ സര്‍ സെയ്യിദ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തും, 1981-ല്‍ കുറുമാത്തൂരില്‍ തന്നെ സ്ഥാപിതമായ ആദ്യത്തെ ഹൈസ്ക്കൂള്‍ സെക്കന്ററി വിദ്യാഭ്യാസ രംഗത്തും ഈ പ്രദേശത്ത് വലിയമാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. 1995-ല്‍ മാത്രം തുടങ്ങിയ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ശൈശവ ദശയിലാണ്. ഗ്രാമ വികസന ഉദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്‍കുന്ന 1952-ല്‍ ആരംഭിച്ച കാര്‍ഷിക സ്ക്കൂള്‍ 1957-58-ല്‍ ഗ്രാമ സേവക് പരിശീലന കേന്ദ്രമായും, പിന്നീട് വികസന പരിശീലന കേന്ദ്രമായും വളര്‍ന്നു. 1986-ല്‍ സ്ഥാപിതമായ കരിമ്പം കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രം കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വകുപ്പ് ഉദ്യോഗസ്ഥന്മാരിലും കര്‍ഷകരിലും എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായതാണ്. ഇമയൂര്‍ സിദ്ധാശ്രമം എന്ന ധര്‍മ്മസ്ഥാപനം സ്വാമി ശിവാനന്ദ പരമഹംസര്‍ 1921-ല്‍ സ്ഥാപിച്ചതാണ്. ഉറുസിലിന്‍ സഭയുടെ കീഴിലുള്ള ശാന്തിഗ്രാം ആശ്രമം നെടുമുണ്ടയില്‍ സ്ഥിതി ചെയ്യുന്നു. തലമുറകളായി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടു ജീവിച്ചുപോരുന്ന, ഗ്രാമീണ ജനതയുടെ ഗോത്ര സംസ്കൃതിയുടെ മൂര്‍ത്ത രൂപങ്ങളായ തിറകളും തെയ്യങ്ങളും അരങ്ങു തകര്‍ക്കുന്ന ഈ ഗ്രാമം, മതസൌഹാര്‍ദ്ദത്തിന്റേയും മാനവികതയുടേയും വിളനിലമാണ്. ഈ പഞ്ചായത്തിലെ ഒരു പ്രധാന ആരാധനാലയമായ മഴൂര്‍ ശ്രീബലഭദ്ര സ്വാമി ക്ഷേത്രം കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ്. പ്രസിദ്ധമായ തൃച്ചംബരം ഉത്സവത്തിന് മഴൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് അനിവാര്യമാണ്. ക്ഷേത്രങ്ങളും കോട്ടങ്ങളും കാവുകളുമുള്‍പ്പെടെ പഞ്ചായത്തില്‍ 36-ഓളം ഹൈന്ദവദേവാലയങ്ങളുണ്ട്. ചൊറുക്കളനാഗം ഇവിടുത്തെ പ്രസിദ്ധമായ ഒരു സര്‍പ്പക്കാവാണ്. 15 മുസ്ളീം പള്ളികള്‍ ഈ പഞ്ചായത്തിലുണ്ട്. പന്നിയൂര്‍, മഴൂര്‍, കുറുമാത്തൂര്‍, ഡയറി എന്നിവിടങ്ങളിലാണ് ക്രിസ്തുമതവിഭാഗക്കാരുള്ളത്. 1950-കളിലാണ് ക്രിസ്ത്യാനികള്‍ ഈ പഞ്ചായത്തില്‍ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയത്. ഈ പഞ്ചായത്തില്‍ രണ്ടു ക്രൈസ്തവാരാധനാലയങ്ങളുണ്ട്. തുലാം 10 മുതല്‍ മേടം വരെ ഈ ഗ്രാമത്തില്‍ കളിയാട്ടക്കാലമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തു നടന്നുവരുന്ന വയല്‍തിറകള്‍ പണ്ടുകാലത്തെ പോലെ വ്യാപകമല്ലെങ്കിലും ഇന്നും നിലനില്‍ക്കുന്നു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ തെയ്യം കെട്ടിയാടിക്കുക പഴയകാലത്ത് പതിവുണ്ടായിരുന്നു. ഒതേനപ്പെരുവണ്ണാന്‍ (പനക്കാട്), കോരപ്പെരുവണ്ണാന്‍ (മുയ്യം), രാമപ്പെരുവണ്ണാന്‍ (കരിമ്പം), കണ്ണന്‍പണിക്കര്‍ (വരടൂല്‍), കേളപ്പന്‍ പെരുമലയന്‍ (കുറുമാത്തൂര്‍) മുതലായ മണ്‍മറഞ്ഞ പ്രശസ്ത തെയ്യം കലാകാരന്മാര്‍ ബാല്യംതൊട്ട് ജീവിതാന്ത്യംവരെ അരങ്ങു നിറഞ്ഞാടിയവരായിരുന്നു. പ്രശസ്ത കഥകളി ആചാര്യന്‍ ഗുരുചന്തുപ്പണിക്കരുടെ നേതൃത്വത്തില്‍ ഒരു കഥകളിസംഘം 1930-കളില്‍ കുറുമാത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്നു. കാനാകണ്ണനാശാന്‍, മഴൂര്‍നാരായണന്‍നായര്‍ മുതലായവര്‍ ഈ സംഘത്തിലെ പ്രമുഖരായിരുന്നു. അന്തരിച്ച കുറുമാത്തൂര്‍ മാധവന്‍ മികവുറ്റ കഥകളി നടനും തുള്ളല്‍കലാകാരനുമായിരുന്നു. 1930-കളില്‍ പൂമംഗലത്ത് എ.കെ.ഗോവിന്ദനാശാന്‍ ഒരു നാടകക്കളരി നടത്തിയതായി പറയപ്പെടുന്നു. ഈ പഞ്ചായത്തില്‍ 50-ലേറെ ഗ്രന്ഥശാലകളും വായനശാലകളും കലാകായിക സ്ഥാപനങ്ങളുമുണ്ട്.